Jump to content

ഉപയോക്താവ്:Aleena K Noble

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

     മാടായിക്കാവ്

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി എന്ന പൗരാണിക  നഗരം. അതിനടുത്തായുള്ള  കുന്നിൻ പ്രദേശമാണ് മാടായി. ഋതുഭേദങ്ങൾക്കനുസരിച്ച് നിറം മാറുന്ന  ചരിത്ര ഭൂമിക. മഴക്കാലത്ത്, തളിരിട്ട പുൽനാമ്പുകൾകൊണ്ട്   പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്ത് കണ്ണെത്താദൂരത്തോളം പൂത്തുനിൽക്കുന്ന കാക്കപ്പൂക്കൾ നിറഞ്ഞ്   നീലക്കടൽ പോലെയും.ജനുവരി-ഫെബ്രുവരി മാസമാകുന്നതോടെ പുല്ലുകൾക്കൊപ്പം ഇളം ചുവപ്പാകും ഈ പുൽമേടിന്റേയും നിറം. ഉണങ്ങിത്തുടങ്ങുന്ന പുൽക്കൊടികളിൽ വെയിൽ വീണ്  ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിൽ. അത്തരമൊരു വേനൽക്കാല വൈകുന്നേരമാണ്  വീണ്ടും  മാടായി പാറയിൽ എത്തുന്നത്. കണ്ണൂരിൽ നിന്ന് 30 കിലോമീറ്റർ മാത്രം. ഭൂപ്രകൃതിയുടെ സവിശേഷതയാണ് മാടായിപ്പാറയെ വ്യത്യസ്‌തമാക്കുന്നത്. പൂക്കുന്ന ചെടികൾ തന്നയുണ്ട് മുന്നൂറിലേറെ ഇനം. മുപ്പതോളം ഇനം പുല്ലുകളും നാനാജാതി സസ്യങ്ങളും പ്രാണികളുമൊക്കച്ചേർന്ന ജൈവവൈവിധ്യ കലവറയാണ് ഇവിടം. പൂക്കളുടെ മലമേട്‌, ചിത്രശലഭങ്ങളുടെ പറുദീസ, ജൈവവൈവിധ്യങ്ങളുടെ കലവറ,  പൂരക്കളിയുടെ നാട് എന്നിങ്ങനെ നിരവധി  വിശേഷണങ്ങൾ മാടായിക്കുണ്ട് . മുന്നൂറിലധികം തരത്തിലുള്ള പൂക്കൾ വിരിയാറുള്ള ഇടമാണ് മാടായിപ്പാറ.

തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. മാടായിപ്പാറയിലെ മഴ പനി പിടിപ്പിക്കില്ല എന്നാണ് പറയാറ്. വേനൽകാലത്തു പാറയിലെ പുല്ലുകൾ കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യുമത്രെ. കത്തിക്കാളുന്ന വെയിലിൽ ഇപ്പോൾ തീ പിടിക്കും എന്ന മട്ടിലാണ് പുൽമേട് പരന്നു കിടന്നിരുന്നത്.  പോർച്ചുഗീസുകാർ 'ലാൻഡ്‌ ഓഫ്‌ ബർണിങ്‌ ഫയർ' എന്നു വിളിച്ചിതിൽനിന്ന്  പാറയുടെ കിഴക്കുവശം  എരിപുരം എന്നാണ് അറിയപ്പെടുന്നത്.

      കഥയും ഐതിഹ്യവും ചരിത്രവും വിശ്വാസവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു ഇവിടെ. മാടായിയിൽ വീശുന്ന കാറ്റിൽ മൂഷികരാജവംശത്തിന്റെ ഭരണം മുതൽ ജൂതക്കുടിയേറ്റവും ഗാമയുടെ മനുഷ്യക്കുരുതിയും ടിപ്പുവിന്റെ പടയോട്ടം വരെയുമുള്ള കഥകളുണ്ട്. ഏഴിമല രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായ മാടായിപ്പാറയിൽ പഴയ രാജഭരണത്തിന്റെ നിത്യസ്‌മാരകമായി മാടായിക്കോട്ട അവശേഷിക്കുന്നുണ്ട്. ആരാധനാവല്ലഭൻ രണ്ടാമന്റെ കാലത്താണത്രേ  കോലരാജധാനി മാടായിയിലേക്ക് മാറ്റിയതും മാടായിക്കോട്ട സ്‌ഥാപിച്ചതും. കടലും പുഴയും അതിരിടുന്ന മാടായിപ്പാറയിലേക്ക് ശത്രുസൈന്യത്തിന്റെ നോട്ടം പോലും എത്താതിരിക്കാൻ പണിത കോട്ട കാലപ്പഴക്കത്തിൽ തകർന്ന നിലയിലാണ് ഇന്ന്. കുറേക്കാലം ഈ  പ്രദേശം  പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടിപ്പിച്ചത്‌ പോർച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു. 1765-68 കാലഘട്ടത്തിൽ ഹൈദരലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണ്  മാടായിപ്പാറയിലെ പാളയം മൈതാനം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ യുദ്ധം നടന്നിരുന്നു. നീണ്ടു പരന്ന ആ  മൈതാനം  പുല്ല് മൂടി കിടക്കുകയാണ് ഇപ്പോൾ. കോലത്തു രാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണ്  ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.        ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്‌. പാറക്കുളം എന്നാണവ  അറിയപ്പെടുന്നത്. ജൂതർ പണിതതിനാൽ ജൂതക്കുളമെന്നും അറിയപ്പെടുന്നു. ഭാരതത്തിൽ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണ്. കൂറ്റൻ കരിമ്പാറ വെട്ടി ചതുരത്തിൽ  വാൽക്കണ്ണാടിയുടെ ആകൃതിയിൽ കൊത്തിയുണ്ടാക്കിയ ജൂതക്കിണറും പടവുകളില്ലാതെ ചെങ്കല്ലിൽ പടുത്തെടുത്ത വട്ടക്കിണറും ചെങ്കല്ലിൽത്തന്നെ കൊത്തിയുണ്ടാക്കിയ ചതുരക്കിണറും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. എങ്കിലും കൊടിയ വേനലിലും വറ്റാത്ത ചില കിണറുകൾ വറ്റിവരണ്ട കാഴ്ച്ച വേദനിപ്പിക്കുന്നതാണ്          മാടായിപ്പാറയ്ക്കു മുകളിലുള്ള മാടായിക്കാവ് മറ്റൊരു ആകർഷണമാണ്.കാവിനു  1600 വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മാടായിക്കാവിൽ ഭഗവതിയാണ് പ്രതിഷ്ഠ.കൊടും വേനലിലും തെളിനീര് ഒഴുകുന്ന വടുകുന്ദ തടാകവും ക്ഷേത്രവും അടുത്തു തന്നെയുണ്ട്. പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്‌ 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി. പാറയുടെ മുകളിൽ തന്നെയാണ്  മാടായി കോളേജും. ആ വേനലിൽ കോളേജ് വിദ്യാർത്ഥികളെയും അപൂർവം ചില സന്ദർശകരെയും മാത്രമേ കാണാൻ കഴിഞ്ഞുള്ളു.

        പ്രകൃതിയുടെ കോട്ടയായ മാടായിപ്പാറ, ചരിത്രമുറങ്ങുന്ന  മാടായിക്കോട്ട,  കൊടുംവേനലിലും തെളിഞ്ഞ വെള്ളം ലഭിക്കുന്ന പ്രകൃതിദത്തമായ വടുകുന്ദ തടാകം, ചെങ്കൽ‌പാറ വെട്ടിയെടുത്തുണ്ടാക്കിയ ജൂതക്കുളം,  മനുഷ്യനിർമ്മിതമായ സുൽത്താൻതോട്, ആയിരത്തിയറുന്നൂറ് വർഷത്തിലധികം  പഴക്കമുള്ള മാടായിക്കാവ്, ക്ഷേത്രത്തിലെ  135 സെ. മീ നീളമുള്ള എട്ടുകൈകളുള്ള കടുംശർക്കരക്കൂട്ടിൽ നിർമ്മിച്ച ദേവീവിഗ്രഹം,  എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ മാടായിയിലുണ്ട്.

    

"https://ml.wiktionary.org/w/index.php?title=ഉപയോക്താവ്:Aleena_K_Noble&oldid=543334" എന്ന താളിൽനിന്ന് ശേഖരിച്ചത്