ശൂരനാട് വടക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശൂരനാട് വടക്ക്[തിരുത്തുക]

കേരള സംസ്ഥാനത്ത് തെക്കൻ ജില്ലയായ കൊല്ലത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പഞ്ചായത്താണ് ശൂരനാട് വടക്ക്. പത്തനംതിട്ട , ആലപ്പുഴ തുടങ്ങിയ ജില്ലകളുമായി അതിർത്തി പങ്കിടുന്ന ഒരു പഞ്ചായത്താണ് ഇത് . ചൈതന്യമത്തായ ഒരു സംസ്കാരത്തിന്റെ ചരിത്ര പാരമ്പര്യം ശൂരനാടിന് ഉണ്ട്. വയലുകളും കരകളും, തോടുകളും ഇടകലർന്ന് കാണുന്ന പ്രകൃതിരമണീയമായ ഈ ഭൂപ്രദേശം സമ്പന്നമായ ഒരു കാർഷിക സംസ്കാരത്തിന്റെ വിളഭൂമി ആണ്.ഈ നാടിന്റെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ പ്രദേശത്ത് കൂടി ഒഴുകുന്ന ആനയടി തോട് എന്നറിയപ്പെടുന്ന പള്ളിക്കലാറാണ്. ശൂരൻമാരുടെ നാട് എന്ന അർത്ഥത്തിലാണ് “ശൂരനാട്” എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യമുണ്ട്. ശൂരൻമാരുടെ നാടും കടമ്പൻമാരുടെ നാടും തമ്മിൽ പോരുവഴിയിൽ വെച്ച് പോര് നടന്നുവെന്നും അതിൽ വിജയിച്ച നാടിന് “ശൂരനാട്” എന്ന പേര് വന്നെന്നും പഴമക്കാർ കരുതുന്നു. മഹത്തായ ഒരു ആയോധന പാരമ്പര്യം ഈ ഗ്രാമത്തിനുണ്ട് എന്നുള്ളതിന് ചുറ്റുമുള്ള ചക്കുവള്ളി, നൂറനാട് പടനിലങ്ങൾ, കളരികൾ ഇവ സാക്ഷ്യം വഹിക്കുന്നു. ആനയടിയിലെ പുരാതന ഗുഹകൾ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ ഈ പ്രദേശത്തിന്റെ പുരാതന ചരിത്ര പാരമ്പര്യം വെളിവാക്കുന്നു. കളരികളുടെയും ആയോധന വിദ്യയുടെയും പിൻതലമുറക്കാർ ഇന്നും ഇവിടെ ഉണ്ട്. കായംകുളം രാജാവിന്റെയും പിന്നീട് വേണാടിന്റെയും അതിന് ശേഷം തിരുവിതാംകൂറിന്റെയും ഭരണഭാഗമായി തീർന്ന ശൂരനാടിന് കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഉത്തരവാദ ഭരണത്തിന് വേണ്ടിയും സി.പി.യുടെ മർദ്ദക വാഴ്ചക്കെതിരെയും നടന്ന പോരാട്ടങ്ങളിൽ ശൂരനാട്ടു കർഷക ജനതയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കളക്കാട്ടുതറ പരമേശ്വരൻ നായർ, തണ്ടാശ്ശേരി രാഘവൻ, നെടുതറ കൃഷ്ണൻ, എൻ.ജനാർദ്ദനൻ (എൻ.ജെ കടൂർ) എന്നിവരായിരുന്നു ആദ്യകാല സ്റ്റേറ്റ് കോൺഗ്രസ്സുകാർ. പരുത്തി കൃഷിയും, ചർക്കയിൽ നൂൽനൂൽപ്പും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നാട്ടിലും പ്രചരിച്ചിരുന്നു. ഭൂവുടമാ മാർഗ്ഗത്തിന്റെ ചൂഷണങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ സ്വന്തം ജീവരക്തം കൊണ്ട് ചരിത്രം കുറിച്ച ധീരൻമാരുടെ ത്യാഗത്തിൻ കഥയാണ് ശൂരനാട് കാർഷിക കലാപം എന്ന പേരിൽ പ്രസിദ്ധമായ “ശൂരനാട് സംഭവം”. തോപ്പിൽ ഭാസിയും, പുതുപ്പള്ളി രാഘവനും, കെ.കേശവൻ പോറ്റിയും മദ്ധ്യതിരുവിതാംകൂറിലാകെ നേതൃത്വം നൽകിയ കർഷക പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായി തീർന്നു ശൂരനാട്. കർഷക ജനത കൈവിലങ്ങ് പൊട്ടിച്ചെറിഞ്ഞ 1949 ഡിസംബർ കർഷക കലാപം കേരളത്തിലെ കർഷക കലാപങ്ങളുടെ ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായങ്ങളിലൊന്നാണ്. മഹത്തായ ഒരു സാംസ്കാരിക പാരമ്പര്യം ശൂരനാടിന് ഉണ്ട്. ക്ഷേത്രകലകൾ, ക്ഷേത്രശിൽപങ്ങൾ, കൊത്തുപണികൾ, നാടൻ കലാരൂപങ്ങൾ എന്നിവ നിദർശനമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആനയടി നരസിംഹ സ്വാമി ക്ഷേത്രം, വീട്ടിനാൽ ദേവീക്ഷേത്രം, അഴകിയ കാവ് ദേവീക്ഷേത്രം, മങ്ങാട്ട് ക്ഷേത്രം, കൊല്ലശ്ശേരി ക്ഷേത്രം, ആലുവിള ക്ഷേത്രം, പീടികയ്ക്കൽ ക്ഷേത്രം, നടുവിലേമുറി കളരിവാതുക്കൽ ക്ഷേത്രം,പോണാൽ കളരി, കുന്നിരാടത്ത് മലനട ദുശള ക്ഷേത്രം, കയ്പ്പള്ളി ക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം, എണ്ണശ്ശേരി (ദുശാസ്സന ക്ഷേത്രം) എന്നിവിടങ്ങളിൽ നിലനിന്ന ആചാരാനുഷ്ഠാനങ്ങളും അനുഷ്ഠാനകലാരൂപങ്ങളും നാടിന്റെ സാംസ്കാരിക പുരോഗതിക്ക് കാര്യമായ പുരോഗതി നൽകി. മലനട ക്ഷേത്രങ്ങളിൽ പുരാതനകാലം മുതൽക്കേ അയിത്തം ഇല്ലാതിരുന്നതും പുറങ്ങാടികൾ, കുറവർ, വേലർ തുടങ്ങിയ ബ്രാഹ്മണേതര പൂജാരികൾ, പൂജാദി കർമ്മങ്ങൾ നിർവ്വഹിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. പുതിയടത്ത് ക്ഷേത്രത്തിലെ വൃത്താകൃതിയിലുള്ള ശ്രീകോവിലും വീട്ടിനാൽ ക്ഷേത്രത്തിലെ ദാരുശിൽപങ്ങളും, ആനടയടി തേവർനട, പുതിയിടം പീടികയ്ക്കൽ ക്ഷേത്രങ്ങളിലെ ശിൽപങ്ങളും നാടിന്റെ സാംസ്കാരിക താൽപര്യത്തെ വിളിച്ചറിയിക്കുന്നു. ആശാൻ കളരി സമ്പ്രാദായത്തിലുള്ള എഴുത്ത് പള്ളിക്കൂടങ്ങളും തുള്ളൽ കലാകേന്ദ്രങ്ങളും, കാക്കാരശി നാടകം, പരിചമുട്ടുകളി എന്നിവ പഠിപ്പിക്കുന്ന കേന്ദ്രങ്ങളും നാട്ടിൽ ഉണ്ടായിരുന്നു. കൊല്ലക ആശാൻമാർ കൊല്ലശ്ശേരി ക്ഷേത്രത്തിൽ വച്ച് കാക്കാരശി നാടകം പഠിപ്പിച്ചിരുന്നു. ദേവീക്ഷേത്രങ്ങളിൽ കളമെഴുത്തും, പാട്ടും നടത്തുന്ന സമ്പ്രദായം ഇപ്പോഴും ഉണ്ട്. പടയണി, ഗരുഡൻ തൂക്കം, കാക്കാരശി നാടകം, തുള്ളൽ, വേലൻ തുള്ളൽ, പാണൻപാട്ട്, പുള്ളുവൻ പാട്ട്, ശാസ്താം പാട്ട്, കുഴിവേലിക്കുട എന്നീ കലാരൂപങ്ങൾ ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചിരുന്നു. ദിവാൻ സി.പി.യിൽ നിന്നും ബഹുമതി നേടിയ വാസ്തുവിദ്യ വിദഗ്ദൻ കൊച്ചുവീട്ടിൽ കിട്ടുപിള്ള ശൂരനാട് നിവാസിയായിരുന്നു. ഗോവിന്ദപിള്ള ആശാൻ(മൃദംഗ വിദ്വാൻ), കഥകളി വിദ്വാൻ പായിക്കാട്ട് നാണുആശാൻ എന്നിവർ അക്കാലത്ത് പ്രസിദ്ധരായിരുന്നു. നാദസ്വര വിദ്വാൻമാരായ പരമുപണിക്കർ, പരമു ആചാരി, രാമകൃഷ്ണ ഭാഗവതർ, തകിൽ വിദ്വാൻ ചരിവ് തുണ്ടിൽ ഗോപാലൻ ആചാരി എന്നിവരും പ്രസിദ്ധരായിരുന്നു. ചിത്രകലയിലും ശിൽപകലയിലും നൂതനമാനങ്ങൾ സൃഷ്ടിച്ച ശ്രീ.ഉപേന്ദ്രകൃഷ്ണ ശൂരനാടിന്റെ അഭിമാനമാണ്. ലളിതകലാ അക്കാഡമി അംഗമായിരുന്ന ഇദ്ദേഹം കലാശോഭയുള്ള അമൂല്യചിത്രങ്ങൾ രചിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ശാന്തി നികേതനിലെ ചിത്രകലാ അദ്ധ്യാപകനായ ശൂരനാട് ആർ.ശിവകുമാർ പ്രസിദ്ധനാണ്. പ്രശസ്ത മറുനാടൻ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ.ഗോപി ആനയടി അറിയപ്പെടുന്ന സംഗീതജ്ഞന്മാർ വയ്യാങ്കര മധുസൂധനൻ, ആനയടി പ്രസാദ് എന്നിവർ ഈ നാട്ടുകാർ എന്നുള്ളത് അഭിമാനകരമാണ്. മുഖ്യചികിത്സാ സമ്പ്രദായം ആയൂർവേദമായിരുന്നു. വിഷചികിത്സാ വിദഗ്ദൻമാരുടെ സേവനം ഇതര ദേശങ്ങളിൽ ഉള്ളവർ പോലും പ്രയോജനപ്പെടുത്തിയിരുന്നു. ആയൂർവേദ ചികിത്സയിലും മൃഗ ചികിത്സയിലും നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ശ്രീ. മക്ഷിവിളയിൽ നാരായണൻ നായരുടെ സേവനം വൈദ്യശാസ്ത്ര വിഷയങ്ങൾ പ്രതിപാദിക്കുന്ന നിരവധി താളിയോല ഗ്രന്ഥങ്ങൾ ഇന്നും ലഭ്യമാണ്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഗണനീയ സംഭാവനകൾ നൽകിയ അഭിവന്ദ്യനായ ശ്രീ. ശൂരനാട് കുഞ്ഞൻ പിള്ളയുടെ ജനനം കൊണ്ട് പവിത്രവും ധന്യവും ആണ് ഈ നാട്. സരസ പണ്ഡിതൻ അഡ്വക്കേറ്റ് കണ്ണമത്ത് ഗോപാലൻ നായർ, പ്രസിദ്ധനായ കവിയായിരുന്നു. കെ.സി ആനൂരം കവിയെന്ന നിലയിൽ പ്രസിദ്ധനായി. ശ്രീ. എ.പി. കളക്കാടിന്റെ പോർക്കലി എന്ന പ്രസിദ്ധമായ നോവലിൽ ശൂരനാട്ടെ കർഷക ജനത സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെയും നേടിയെടുത്ത വിജയങ്ങളുടെയും കഥ പറയുന്നു. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ ശൂരനാടിന്റെ ചരിത്രപശ്ചാത്തലം വെളിവാക്കുന്നു. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രമേയവും പശ്ചാത്തലവും ശൂരനാടിന്റെ ഗ്രാമപ്രദേശവുമായി ബന്ധപ്പെട്ടതാണ്.

==ശൂരനാട് സംഭവം ==

ജന്മിത്വത്തിന്‌ എതിരായ പോരാട്ട ചരിത്രത്തിൽ സുപ്രധാനമായ ഒരേടാണ്‌ ശൂരനാട്‌ സമരം. ഒരു നാടു മുഴുവൻ പൊലീസ്‌ വാഴ്ചയിൽ ചവിട്ടിയരയ്ക്കപ്പെട്ടു. നിരവധിപേർ രക്തസാക്ഷികളായി. പൗരസ്വാതന്ത്ര്യം പൂർണമായി ഇല്ലാതായി. മർദ്ദനമേറ്റവരുടെ എണ്ണം അനവധിയാണ്‌. ലോക്കപ്പുകളും ജയിലുകളും കൊലയറകളായി മാറി. പൊലീസിനെ ഭയന്ന്‌ അഭയാർത്ഥികളായി മറ്റു പ്രദേശങ്ങളിലേക്ക്‌ എണ്ണമറ്റയാളുകൾ പലായനം ചെയ്തു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയേയും, പാർട്ടിയോട്‌ ആഭിമുഖ്യമുള്ള ബഹുജനസംഘടനകളെയും സർക്കാർ നിരോധിച്ചു. ജന്മിത്വവും അതിന്റെ സഹായികളായ ഭരണകൂടവും അഴിച്ചുവിട്ട കിരാതമായ മർദ്ദനനടപടികളെ സാവധാനത്തിലാണെങ്കിലും ധീരോദാത്തമായി ജനങ്ങൾ നേരിട്ടു. അവർക്ക്‌ താങ്ങും തണലുമായത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായിരുന്നു. അവരുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്തു. ജന്മിത്വത്തിന്റെ വേരറുത്ത്‌ ജനകീയ പ്രസ്ഥാനം മുന്നേറി. പാവപ്പെട്ട കൃഷിക്കാരും കർഷകതൊഴിലാളികളും തിങ്ങിപ്പാർക്കുന്ന നാടാണ്‌ ശൂരനാട്‌ അന്നും ഇന്നും. കനകം വിളയുന്ന മണ്ണാണത്‌. വിസ്തൃതമായ പാടശേഖരങ്ങളും തെങ്ങിൻതോപ്പുകളും മണ്ണിനോട്‌ പടവെട്ടുന്ന കർഷകരും കർഷകതൊഴിലാളികളും ശൂരനാടിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ കൃഷിഭൂമിയിൽ കർഷകർക്കും കർഷകതൊഴിലാളികൾക്കും യാതൊരു അവകാശവുമില്ലായിരുന്നു. കൃഷിയോഗ്യമായ 85 ശതമാനം ഭൂമിയും ഒരുപിടി നാട്ടുപ്രമാണിമാരുടെ വകയായിരുന്നു. അവരിൽ പ്രമുഖരായിരുന്നു തെന്നലപിള്ളമാർ. അടിമകളെപ്പോലെ പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും. രാപകൽ ജോലി ചെയ്താലും കിട്ടുന്ന കൂലി പരമതുച്ഛം, തിരുവായ്ക്ക്‌ എതിർവായില്ലാത്ത കാലം, തീണ്ടലും തൊടീലും സജീവമായി അവിടെ നിലനിന്നിരുന്നു. മുണ്ടുടുക്കാനും മുടിമുറിക്കാനും മീശവയ്ക്കാനും വഴിനടക്കാനും എന്തിന്‌ പാത്രത്തിൽ കഞ്ഞികുടിക്കാനും അവർക്ക്‌ അവകാശമില്ലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ എല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജനാധിപത്യ യുവജന സംഘടനകൾ പ്രവർത്തനം ആരംഭിച്ചത്‌. മാടമ്പിത്തത്തെ വെല്ലുവിളിക്കാൻ ഒരു സംഘം ചെറുപ്പക്കാർ മുന്നോട്ടുവന്നു. അവരുമായി കമ്മ്യൂണിസ്റ്റുപാർട്ടി നേതാക്കൾ ബന്ധപ്പെടുന്നത്‌ അങ്ങനെയാണ്‌. പുതുപ്പള്ളി രാഘവൻ, ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽഭാസി, സി കെ കുഞ്ഞുരാമൻ തുടങ്ങിയവർ പലവട്ടം അവിടെ പോകുകയും ക്യാമ്പ്‌ ചെയ്യുകയും ചെയ്തു. കിഴകിട ഏലായുടെ തെക്കേ അരികുചേർന്ന്‌ കിടക്കുന്ന ഉള്ളന്നൂർകുളം ഒരാൾ ലേലത്തിൽ പിടിച്ചു. തെന്നല ഗോപാലപിള്ളയുടെ പ്രേരണയിലാണിത്‌ ചെയ്തത്‌. അന്നോളം പൊതുജനങ്ങൾ ഒന്നിച്ചിറങ്ങി മീൻ പിടിച്ച്‌ പങ്കിട്ടെടുക്കുന്ന രീതിയായിരുന്നു. പൊടുന്നനെ ഇത്‌ ലേലത്തിൽ പിടിച്ചത്‌ പരിസരവാസികളെ രോഷാകുലരാക്കി. അവർ കുളത്തിൽ ഇറങ്ങി മീൻ പിടിച്ചു. ലേലം പിടിച്ചയാൾ പൊലീസിൽ പരാതി നൽകി. പൊലീസ്‌ ജന്മിഗൃഹത്തിൽ ക്യാമ്പ്‌ ചെയ്തു. തീറ്റിയും കുടിയും കഴിഞ്ഞ്‌ അർദ്ധരാത്രിയോടെ പൊലീസും ജന്മിയുടെ അനുചരന്മാരും പ്രതികളെ തിരക്കി ഇറങ്ങി. പായ്ക്കാലിൽ വീട്ടിലേക്കാണ്‌ അവർ ആദ്യം ചെന്നത്‌. അവിടെ അപ്പോൾ സ്ത്രീകളും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയത്താണ്‌ പൊലീസുകാർ സ്ത്രീകളേയും കുഞ്ഞുങ്ങളേയും ശല്യപ്പെടുത്താൻ തുടങ്ങിയത്‌. കൂട്ടനിലവിളി ആയപ്പോൾ അയൽക്കാരും ദൂരെ നിന്നിരുന്ന പാർട്ടി പ്രവർത്തകരും രംഗത്തെത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘട്ടനത്തിൽ ഇൻസ്പെക്ടറും നാലു പൊലീസുകാരും മരിച്ചു. നിരവധി പാർട്ടി പ്രവർത്തകർക്ക്‌ പരുക്ക്‌ പറ്റി. 1950 ജനുവരി ഒന്ന്‌, പുതുവൽസരം പിറന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയേയും ബഹുജനസംഘടനകളെയും നിരോധിച്ചെന്ന വാർത്ത കേട്ടുകൊണ്ടാണ്‌. മുഖ്യമന്ത്രി ടി കെ നാരായണപിള്ള സ്ഥലത്തുവന്ന്‌ ശൂരനാട്‌ എന്നൊരു നാട്‌ ഇനി വേണ്ട എന്ന്‌ പ്രഖ്യാപിച്ചു. പിന്നീട്‌ അവിടെ നടന്നത്‌ നരനായാട്ടായിരുന്നു. പൊലീസ്‌ അവിടെ ക്യാമ്പ്‌ തുറന്നു. സംശയമുള്ളവരെയൊക്കെ ക്യാമ്പിൽകൊണ്ടുപോയി മർദ്ദിച്ചു. വൃദ്ധന്മാരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ യാതൊരു വ്യത്യാസവും അവർക്ക്‌ ഉണ്ടായിരുന്നില്ല. ഇതിനിടയിൽ തണ്ടാശ്ശേരി രാഘവനെ പൊലീസ്‌ ലോക്കപ്പിലിട്ട്‌ മർദ്ദിച്ച്‌ കൊന്നു. ശൂരനാട്ടെ ആദ്യത്തെ രക്തസാക്ഷി. 1950 ജനുവരി 18നായിരുന്നു അത്‌. അതുകൊണ്ടാണ്‌ ജനുവരി 18 രക്തസാക്ഷിദിനമായി ആചരിക്കുന്നത്‌. കളയ്ക്കാട്ടു പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്ക്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌ എന്നിവരെ ലോക്കപ്പിലും ജയിലിലും വച്ച്‌ മർദ്ദിച്ച്‌ കൊന്നു. പുന്തിലേത്ത്‌ വാസുപിള്ള, മലമേൽ കൃഷ്ണപിള്ള, കാട്ടൂർ ജനാർദ്ദനൻനായർ എന്നിവർ ക്രൂരമായ മർദ്ദനമേറ്റതിന്റെ ഫലമായി ജയിലിൽ നിന്ന്‌ പുറത്തുവന്ന്‌ ഏതാനും ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ചാലിത്തറ കുഞ്ഞച്ചൻ, പായിക്കാലിൽ രാമൻനായർ എന്നിവരെപ്പറ്റി ഇന്നോളം ആർക്കും അറിവില്ല. അവരേയും പൊലീസ്‌ കൊന്ന്‌ ആരുമറിയാതെ കുഴിച്ചുമൂടിയിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, പേരൂർ മാധവൻപിള്ള, പനത്താഴ രാഘവൻ, വരമ്പയിൽ കൊച്ചുകുഞ്ഞ്‌, നടേവടക്കതിൽ പരമുനായർ, പായിക്കാലിൽ പരമേശ്വരൻനായർ, കോതേലിൽ വേലായുധൻ നായർ, ചാത്തൻകുട്ടി ചെറപ്പാട്ട്‌, അമ്പിയിൽ ജനാർദ്ദനൻനായർ, അയണിവിള കുഞ്ഞുപിള്ള, പോണാൽ തങ്കപ്പക്കുറുപ്പ്‌, തെക്കയ്യത്ത്‌ ഭാസ്ക്കരൻ, പോണാൽ ചെല്ലപ്പൻ നായർ, വിളയിൽ ഗോപാലൻ നായർ എന്നിവരായിരുന്നു മറ്റ്‌ പ്രതികൾ. ആകെയുള്ള 26 പ്രതികളും നമ്മെ വിട്ടുപിരിഞ്ഞു. എങ്കിലും ജ്വലിക്കുന്ന ഓർമ്മകളായി അവരിന്നും ജീവിക്കുന്നു.

സമ്പാദനം -: ജി .കൃഷ്ണകുമാർ , ശ്രീകൃഷ്ണാ പ്രസ്സ് , കണ്ണമം , ശൂരനാട്‌

"https://ml.wiktionary.org/w/index.php?title=ശൂരനാട്_വടക്ക്&oldid=444277" എന്ന താളിൽനിന്ന് ശേഖരിച്ചത്