താമരപ്പൂവിന്റെ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ദ്രോണപർ‌വ്വത്തിൽ ദ്രോണരെക്കൂടാതെ കഥയിൽ പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളാണു് അഭിമന്യുവും ഘടോൽ‌കചനും (ഘടു എന്നു എന്റെ സുഹൃത്തായ കണ്ണൂസിന്റെ വക ചുരുക്കപ്പേര്) ദ്രോണർ പത്മവ്യൂഹം ചമച്ചപ്പോൾ അഭിമന്യു ഭീമസേനനോടു് എടുത്തുചാടി അബദ്ധം പറഞ്ഞതല്ല, “ഞാൻ വ്യൂഹം തകർക്കാം വലിയച്ഛാന്നു്” ദ്രോണരോടും കർണനോടുമെല്ലാം അതിനു മുമ്പെയും അഭിമന്യു ഏറ്റുമുട്ടിയിട്ടുണ്ടു്, ഒരു പക്ഷെ അർജ്ജുനനോ ഭീമനൊ ചെയ്തേക്കാവുന്ന വിധം അവരെ യുദ്ധത്തിൽ തളർത്തിയിട്ടുണ്ടു്. ദ്രോണരുടെ ലക്ഷ്യക്കുറവിനെ അഭിമന്യു കളിയാക്കുന്ന രംഗവും ഭാരതത്തിൽ വായിക്കാവുന്നതാണു്.

അർജ്ജുനനെ അടർക്കളത്തിൽ നിന്നകറ്റി നിർത്തി പത്മവ്യൂഹം ചമച്ചു യുധിഷ്ഠിരനെ ബന്ധനസ്ഥാനാക്കുക എന്നുള്ളതു ദ്രോണരുടെ മികച്ചയുദ്ധതന്ത്രമായിരുന്നു. ഒരു പക്ഷെ യുദ്ധം അവസാനിപ്പിക്കുവാനും പാണ്ഡവരെ മറ്റൊരു വനവാസത്തിനയക്കുവാനും ഈ പദ്ധതികൊണ്ടു സാധിക്കുമായിരുന്നു. പത്മവ്യൂഹമാകട്ടെ ഒരു അഡ്-ഹോക് സംവിധാനമാണു്, മുൻ‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവില്ലെന്നർഥം. കൂമ്പടയുവാൻ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയിൽ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളിൽ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം. (ചക്രവ്യൂഹമെന്നു വ്യാസനും, പത്മവ്യൂഹമെന്നു എഴുത്തച്ഛനും – ഇതു രണ്ടും ചേർന്ന ഒരു സംവിധാനമാണെന്നാണു് എന്റെ വിവക്ഷ)

ഇപ്രകാരം യുധിഷ്ഠിരനു നേരെ ഒരു ആക്രമണം അർജ്ജുനന്റെ അസാന്നിദ്ധ്യത്തിൽ അഴിച്ചുവിടുകയാണു ദ്രോണർ ചെയ്യുന്നതു്. പിന്തിരിഞ്ഞു ഓടുവാൻ കഴിയില്ലല്ലോ; അത്തരമൊരു അവസ്ഥയിലാണു് വ്യൂഹം ഭേദിക്കുകയെന്ന ലക്ഷ്യത്തോടെ അഭിമന്യു രംഗത്തെത്തുന്നതു്. രഥവേഗം കൊണ്ടു വ്യൂഹത്തിനകത്തു അയാൾ പ്രവേശിക്കുമ്പോൾ താമരയുടെ മുഖം അടഞ്ഞുപോകാതെ കാക്കേണ്ടതു ഭീമനും കൂട്ടരും. ജയദ്രഥൻ ഇവിടെയാണു പ്രസക്തനാകുന്നതു്. പാണ്ഡവരോടുള്ള കഠിനമായ വിദ്വേഷ്യത്തിൽ നിന്നുണ്ടായ വീരത്വം അയാൾ സമയോചിതമായി പ്രകടിപ്പിച്ചു, ഭീമനും കൂട്ടർക്കും മുമ്പിൽ ജയദ്രഥൻ അഭിമന്യുവിനെ പിന്തുടരുവാനുള്ള വഴിമറച്ചുനിന്നു പൊരുതി. ഈ പിടിച്ചുനില്പു ജയദ്രഥനു അധികനേരം തുടരേണ്ടി വന്നില്ല…

പത്മവ്യൂഹം ചക്രാകൃതി സ്വീകരിച്ചു ചക്രവ്യൂഹമാകുന്നതു ഇനിയാണു്. അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികൾ അവരവരുടെ യുദ്ധസ്ഥാനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. പത്മവ്യൂഹം ഒരു ഒഫെൻസീവ് പൊസിഷൻ ആണെങ്കിൽ ചക്രവ്യൂഹം ഉത്തമമായ ഡിഫെൻസീവ് പൊസിഷനാണു്. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിൻ‌വലിച്ചു മറ്റൊരാൾക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികൾ ഒരേ ദിശയിൽ യുദ്ധം ചെയ്യുവാൻ നിർബന്ധിതരാകുകയും, വ്യൂഹം ചമച്ചവർക്കു തങ്ങളുടെ ഡിഫൻസീവ് പൊസിഷനിലുള്ളവരെ വേഗത്തിൽ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിർത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവർത്തിയുമാകുന്നു.

ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങള�� �ണു നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടു‍ സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. അഭിമന്യുവിനെ കാത്തിരുന്നതാകട്ടെ മഹാരഥികളും അതിരഥികളുമായ യോദ്ധാക്കളാണു്. ഒരേ സമയം ഒന്നിൽ കൂടുതൽ പേർ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നിൽ നിന്നുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാർമ്മികവുമല്ല. ഒരാൾക്കു പലപേർ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം. ഇതു ചക്രവ്യൂഹത്തിൽ മാത്രം സാധ്യമായ കാര്യമൊന്നുമല്ലെന്നുകൂടി പറയട്ടെ; ഭീഷ്മർക്കെതിരെ അർജ്ജുനനും ശിഖണ്ഡിയും ഫലവത്തായി പരീക്ഷിച്ചതും ഇപ്രകാരമുള്ള യുദ്ധനീക്കമാണു്. സാധാരണഗതിയിൽ യോദ്ധാവിന്റെ പുറംകാക്കുന്ന സൈന്യം/യോദ്ധാക്കൾ ഇത്തരത്തിലുള്ള നീക്കങ്ങളെ തടയുന്നു, അവരെയും അസ്ത്രപ്രജ്ഞരാക്കി നീങ്ങുവാൻ കഴിഞ്ഞാൽ മാത്രമേ ലക്ഷ്യം സഫലമാവുകയുമുള്ളൂ. ഭീഷ്മരെ വീഴ്‌ത്തി അർജ്ജുനനും ശിഖണ്ഡിയും പ്രകടിപ്പിച്ചതും ഈ യുദ്ധമികവാണു്; ഒളിയുദ്ധം നടത്തിയെന്നു പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നുവെങ്കിലും. അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ ബന്ധിക്കുമ്പോൾ യുദ്ധധർമ്മമനുസരിച്ചു പുറംകാക്കുന്നവരെ അയാൾക്കു സഹായത്തിനായി വ്യൂഹത്തിനുള്ളിൽ പ്രവേശിക്കുവാൻ അനുവദിക്കാതിരുന്ന ജയദ്രഥനിൽ അതുകൊണ്ടാണു അർജ്ജുനനു വൈരാഗ്യമുണ്ടായതും.

ഇപ്രകാരം വ്യൂഹത്തിനകത്തു ബന്ധനസ്ഥനായെങ്കിലും സുഭദ്രാതനയൻ, കർണ്ണൻ, ദ്രോണർ, ദുശ്ശാസനൻ, അശ്വത്ഥാമാവ്, ശല്യർ എന്നിവർക്കു കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തിട്ടുണ്ടു്. ഇവരിൽ തന്നെ ദുശ്ശാസനനും, ശല്യരും മരണഭീതിയാൽ പിൻ‌തിരിഞ്ഞോടിയെന്നും യുദ്ധവിവരണങ്ങളിൽ വായിക്കുവാനാകും. കൌരവരിലെ മഹാരഥികളിൽ പലരും വ്യൂഹത്തിനകത്തുവച്ചു അഭിമന്യുവിനോടു ഒന്നിലധികം പ്രാവശ്യം ഏറ്റുമുട്ടിയിട്ടുമുണ്ടു്. അഭിമന്യു കാര്യമായ ചെറുത്തുനില്പു നടത്തിയിട്ടുണ്ടെന്നർഥം. ഒരാളെ ഒരാൾക്കൂട്ടം മർദ്ദിച്ചവശനാക്കിയ ശേഷം കൂട്ടത്തിൽ ചെറിയവനോടു പറയാറില്ലേ, “കൊടുക്കെടാ അവനൊന്നു്.” സ്വതവേ ഭീരുക്കളും കായികമായി കാര്യമായൊന്നും ചെയ്യാൻ കഴിയാത്തവർക്കും ശൂരത പ്രകടിപ്പിക്കുവാൻ ഇതൊരു സുവർണ്ണാവസരമാണു്. ഇപ്രകാരം ദുര്യോധനൻ തന്റെ മകൻ ലക്ഷ്മണനെ അഭിമന്യുവിനെതിരെ നിർത്തിയതും സൌഭദ്രൻ‍ അയാളെ കൊന്നുവീഴ്‌ത്തി. കൌരവരുടെ സഖ്യരാജ്യങ്ങളിലെ പല പ്രധാനികളും യോദ്ധാക്കളും ഇപ്രകാരം അഭിമന്യുവിന്റെ അസ്ത്രങ്ങളാൽ കൊല്ലപ്പെട്ടിരുന്നു. കർണ്ണന്റെ സഹോദരൻ, ശല്യരുടെ സഹോദരൻ മാദ്രിയിലെ രാജാവു്; പേരുകൾ എടുത്തു പറയുന്നില്ല. ബന്ധുജനങ്ങളെ തങ്ങൾ കാൺകെ ഒരു യുവാവ് കാലപുരിക്കയക്കുന്നതു കൌരവരിൽ കാര്യമായ ഈർഷയും പകയും വരുത്തിവച്ചുവെന്നുവേണം കരുതുവാൻ. ദുര്യോധനൻ “കൊല്ലവനെ!”യെന്നു പലവട്ടം ആക്രോശിക്കുന്നതും വിലപിക്കുന്നതും ദ്രോണപർ‌വ്വത്തിൽ വായിക്കുവാനാകും.

അഭിമന്യുവിനെ വ്യൂഹത്തിൽ ബന്ധിച്ചതു് അധികം ദോഷമായി എന്നവസ്ഥയിൽ കൌരവർക്കു ധർമ്മയുദ്ധം വെടിയേണ്ടിവന്നു. പിന്നിൽ നിന്നാക്രമിച്ചു അഭിമന്യുവിന്റെ വില്ലുമുറിച്ചതു കർണ്ണനത്രെ. ഖഡ്ഗം ദ്രോണരും, തേർച്ചക്രം കൃപരും അശ്വത്ഥാമാവും ചേർന്നും ഭേദിച്ചപ്പോൾ മാർച്ചട്ട പിളർന്നതു കർണ്ണനായിരുന്നു. ആയുധങ്ങളെല്ലാം നഷ്ടപ്പെട്ടു ഗദയുമേന്തി അഭിമന്യു ക്രുദ്ധനായി അശ്വത്ഥാമാവിനു നേരെ ചെന്നപ്പോൾ അയാൾ ചാടിയോടുകയാണുണ്ടായതെന്നു കിസരി മോഹൻ ഗാംഗുലി തന്റെ ഭാരതവിവർത്തനത്തിൽ പറയുന്നു. മഹാരഥികളിൽ ഒട്ടനവധിപേരോടു നേര് ‍ക്കുനേർ യാതൊരു തുണയുമില്ലാതെ നിന്നു പോരാടിയും, മുറിവേറ്റവശനുമായ അഭിമന്യുവിനോടു ദ്വന്ദത്തിനു ദുശ്ശാസ്സനന്റെ മകൻ ഗദയുമായി വരുന്നതിപ്പോഴാണു്. പതിനാറു വയസ്സുള്ളൊരുവനെ വധിക്കുവാനുള്ള മടിയാലോ എന്തോ പലപ്പോഴും കൌരവർ അഭിമന്യുവിനെതിരെ അയാൾക്കു സമപ്രായക്കാരെ നിർത്തുന്നതു കാണാനാകും. ദുര്യോധനന്റെ പുത്രൻ ലക്ഷ്മണന്റെ ഗതിയെന്തായാലും ദുശ്ശാസനപുത്രനുവന്നില്ല. ഗദായുദ്ധത്തിൽ അന്യോനമുള്ള പ്രഹരമേറ്റു ഇരുവരും രണഭൂമിയിൽ വീണുവെങ്കിലും പ്രജ്ഞയാദ്യം വീണ്ടെടുത്ത ദുശ്ശാസനന്റെ മകൻ ഭരതൻ, അനേകം മുറിവുകളാൽ പീഢയനുഭവിക്കുന്നവും കൌരവയുദ്ധവീരരോടു നിരന്തരം ഏറ്റുമുട്ടിയതിൽ ക്ഷീണിതനുമായ അഭിമന്യുവിനെ, തലയ്ക്കടിച്ചു കൊല്ലുകയാണുണ്ടായതു്.

ദുശ്ശാസനന്റെ മകൻ ഒരു യുദ്ധവീരനായിരുന്നില്ല, മുതിർന്നവർ ഉണർത്തിവിട്ട വലിയ ആവേശത്തിൽ അഭിമന്യുവിനോടെർതിക്കുവാൻ വന്ന ദുര്യോധനപുത്രൻ ലക്ഷ്മണനു ലഭിക്കുന്ന വീരപരിവേഷം പോലും അയാൾക്കു ഭാരതത്തിൽ കാണുന്നില്ല. അത്യന്തം ക്ഷീണിതനായ ഒരുവനെ കൂട്ടത്തിൽ മർദ്ദിക്കുവാനെ അയാൾക്കു കഴിഞ്ഞിട്ടുമുള്ളൂ. അഭിമന്യുവിന്റെ മരണത്തിൽ ക്രുദ്ധനായ ‘ഘടു’ പിറ്റേദിവസം യുദ്ധത്തിൽ ആദ്യം ചെയ്തതു ഭരതനെ തേടിപ്പിടിച്ചു തലവെട്ടുകയാണു്. പിന്നീട് അവന്റെ തല ദുര്യോധനന്റെ തേരിലേക്ക് എറിഞ്ഞുകൊടുത്തുവെന്നും കഥാഖ്യാനം. യുധിഷ്ഠിരനെ ബന്ധിയാക്കി യുദ്ധം എളുപ്പം തീർക്കുവാനും, ജയം സാധ്യമാക്കുവാനും ദ്രോണർ എന്ന യുദ്ധതന്ത്രജ്ഞൻ നടത്തിയ സൂക്ഷ്മപദ്ധതി ഒരു ഒറ്റയാൾ പോരാട്ടത്തിലൂടെ അട്ടിമറിക്കുകയാണു് അഭിമന്യു ചെയ്തതു്. അയാളിൽ‌‌പ്പരം ഹീറോയിസം ഭാരതകഥയിൽ മറ്റാരിലും കാണുന്നില്ലെന്നു ചിലരെങ്കിലും അഭിപ്രായപ്പെടുമ്പോൾ അതിൽ അതിശയോക്തി ഒട്ടുമില്ലെന്നാണു് എനിക്കു തോന്നാറുള്ളതു്. നളനു് ഇനിയും വീരാരാധന തുടരാം, ഉപകഥകളും മറ്റു പലവക പരാമർശങ്ങളും ഒട്ടനവധി ഇനിയുമുണ്ടു്, വിസ്തരഭയം മൂലം ചുരുക്കുന്നു.

പഠനം: ദ്രോണ‌പർവ്വം, മഹാഭാരതം. വിവർത്തകൻ: കിസരി മോഹൻ ഗാംഗുലി

"https://ml.wiktionary.org/w/index.php?title=താമരപ്പൂവിന്റെ&oldid=425161" എന്ന താളിൽനിന്ന് ശേഖരിച്ചത്