കാലകാലൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാലകാലൻ

  1. ശിവൻ

താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ?'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു: 'പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.' തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു.


കാലനെ നിഗ്രഹിച്ചതിനാൽ കാലാകാലൻ എന്ന പേര് ലഭിച്ചു....... കാലനെ നിഗ്രഹിക്കാൻ ഭഗവാനല്ലാതെ ആർക്കും സാധിക്കുകയില്ല..... കാലനൊരു കാലൻ ഉണ്ടെങ്കിൽ അത് ഭഗവാൻ ശിവൻ മാത്രമാണ്......

"https://ml.wiktionary.org/w/index.php?title=കാലകാലൻ&oldid=541581" എന്ന താളിൽനിന്ന് ശേഖരിച്ചത്